Pages

Sunday, April 21, 2013

Nishabda pranayam

                                 നിശബ്ദ പ്രണയം 


വല്ലാതെ ആടിയുലയുന്നത് കൊണ്ടാണ് അവൻ കണ്ണുകൾ  തുറന്നത് . അപ്പോളും  അവന്റെ ചെവിയിൽ ഹെഡ് ഫോണിലൂടെ പാട്ട് ഒഴുകുന്നുണ്ടായിരുന്നു .
        " ഓമന തിങ്കൾ കിടാവോ നല്ല
          കോമള താമര പൂവോ "
വീണ്ടും ഉറക്കത്തിലേക്ക് തന്നെ തള്ളി വിടുന്ന താരാട്ടിന്റെ ഈരടികൾ .പക്ഷെ ഉറങ്ങിയില്ല .. കണ്ണുകൾ തുറന്നു പുറത്തേക്ക്‌ നോക്കി . ആദ്യം എവിടെയെന്നു മനസിലായില്ല . പിന്നീട് മനസിലായി ksrtc ബസ്‌ വയനാടൻ ചുരം കയറി കൊണ്ടിരിക്കുകയാണ് എന്ന് . മൊബൈലിൽ സമയം നോക്കി , പുലർച്ചെ 4.45 AM . പാതി കയറിയ ചുരത്തിൽ നിന്ന് അവൻ താഴേക്ക്‌ നോക്കി . മിന്നാമിനുങ്ങുകൾ പോലെ താഴെ അങ്ങിങ്ങ് വെളിച്ചം . എല്ലാവരും ഉറങ്ങുകയാകും എന്ന് മനസ്സ് മന്ത്രിച്ചു . മേലെ വയനാട്ടിൽ നല്ല തണുപ്പായിരിക്കും. അവിടെയും എല്ലാവരും മൂടി പുതച്ചു ഉറങ്ങുന്നുണ്ടാകും. അവളും  ഇപ്പോൾ ഉറങ്ങുകയാകും.

ഇനി അവളെ കുറിച്ച് പറയാം . അവളുടെ പേര് രമ്യ .[ യഥാർത്ഥ പേര് തന്നെ ആണ് . അവൾ ഈ എഴുതിയതൊന്നും കാണില്ല എന്ന് കരുതുന്നു.] കൃത്യമായ് പറഞ്ഞാൽ 7 വർഷം മുൻപ്. അന്ന് അവൻ മേപ്പാടി പോളിയിൽ ഫസ്റ്റ് ഇയർ . അവൾ st. ജോസഫിൽ 9 ആം ക്ലാസിലും .

ഫ്ലാഷ് ബാക്ക് : ആദ്യ കാഴ്ച
മേപ്പാടിയിൽ ബസ്‌ സമരം , പഴയ OT സ്റ്റൊർസിനു മുൻപിൽ കറങ്ങി നടക്കുന്ന അവൻ, ട്രിപ്പ്‌ അടിക്കാൻ നിർത്തിയിട്ടിരിക്കുന്ന ജീപ്പിന്റെ പുറകിൽ അവൾ, ആദ്യ സമാഗമം, അവനു അവളോട്‌ പ്രണയം .

പിന്നീടങ്ങോട്ട് 2 വർഷക്കാലത്തിൽ  പലപ്പോഴായ് മേപ്പാടി അമ്പലത്തിൽ നിന്ന് st . ജോസഫിലേക്ക് കൊണ്ട് ചെന്നാക്കുന്ന അവനും അവന്റെ കൂട്ടുക്കാരനും. മൂന്നാമത്തെ വർഷം അവളെ കണ്ടില്ല. st . ജോസഫിലെ പഠന ശേഷം +2 നു വേറെ എവിടെയോ ...... കണ്ടെത്താനായില്ല. തൃശൂർ കാരനായ അവനു അവിടെ അവളെ കണ്ടെത്തുന്നതിനു പരിമിതികൾ ഉണ്ടായിരുന്നു. പിന്നീട് അവനു അവളോട്‌ പ്രണയം ഓർമകളിൽ മാത്രം.

സീൻ നമ്പർ 2 : പോളിയിലെ പഠനം കഴിഞ്ഞ് 2 വർഷത്തിനു ശേഷം
പോളിയിലെ പഴയ എല്ലാ സുഹൃത്തുക്കളെയും കണ്ട് വിശേഷങ്ങൾ പങ്കിടാൻ സീനിയേർസ്‌ സംഘടിപ്പിച്ച get together. നാട്ടിലെ ജോലി തിരക്ക് കാരണം അവനു തീരെ പോകാൻ പറ്റുമായിരുന്നില്ല. ഓർകുട്ടിലൂടെ ഗെറ്റ് ടുഗേതെറിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടികൊണ്ടിരുന്നു. അവസാനം ഒരു എമർജൻസി ലീവ് അപേക്ഷിച്ച് തലേന്ന് രാത്രി തന്നെ വയനാട്ടിലേക്ക് വണ്ടി കയറി. അവിടെ ചെന്ന് പഴയ സുഹൃത്തുക്കളെ കണ്ട് ഫോട്ടോസ് എടുക്കുന്ന തിരക്കിനിടയിൽ ആണ് അവൻ അത് കണ്ടത് . വിശ്വസിക്കാനായില്ല , പക്ഷെ വിശ്വസിച്ചേ പറ്റു , ഇതവൾ തന്നെ മുൻനിരയിൽ തന്നെ ഇരിക്കുന്നു.

അവളുടെ അരികിൽ ചെന്ന് സംസാരിക്കാൻ അവനൊരു മടിയോ ഭയമോ ഉണ്ടായിരുന്നു. ഇങ്ങനെ ചിന്തിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ ആണ് അവൻ ആ കാഴ്ച കണ്ടത്. അവന്റെ സീനിയർ അവളോട്‌ സംസാരിച്ചു കൊണ്ടിരിക്കുന്നു . പിന്നെ അമാന്തിച്ചില്ല ........ അവൾ അപ്പോൾ പോളിയിൽ ഫസ്റ്റ് ഇയർ ആയിരുന്നു . അര മണിക്കൂറോളം അവനവളോട് സംസാരിച്ചു . അതിൽ ഒരുപാട്  വിഷയങ്ങൾ  കടന്നു വന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് , TTC , വയനാട് , st . ജൊസഫ് ,തൃശൂർ , തൃശൂർ പൂരം  അങ്ങനെയെല്ലാം.  പക്ഷെ അവന്റെ പ്രണയത്തെ കുറിച്ച് മാത്രം സംസാരത്തിൽ വന്നില്ല.

വീണ്ടും കാണാം എന്ന് പറഞ്ഞ് അവളോട്‌ അന്ന് പ്രത്യേകം യാത്ര പറഞ്ഞാണ് ഇറങ്ങിയത്. അന്ന് അവൾ അവനോടു പറഞ്ഞിരുന്നു പോളി കമ്പ്ലീറ്റ്‌  ചെയാൻ താൽപര്യം ഇല്ല എന്ന്. അത് കൊണ്ട് നിർത്താൻ പോകുകയാണ് എന്ന്.. പിന്നീട് അവളെ കുറിച്ചറിയാൻ അവൻ ഒരുപാട് ശ്രമങ്ങൾ നടത്തി. വയനാട്ടിൽ ഉള്ള ഫ്രണ്ട് സിനോട് അന്വേഷിച്ചു . പോളിയിൽ അന്വേഷിച്ചു. പക്ഷെ അവളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല . അവൾ പോളിയിൽ നിന്നും പോയിരുന്നു .

സീൻ 3: get together കഴിഞ്ഞു 3 വര്ഷത്തിനു ശേഷം
അവന്റെ ജീവിതത്തിലെ ദുരിതങ്ങളും പ്രാരാബ്ദങ്ങളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ 3 വർഷത്തിനു ശേഷം , അവളെ കുറിച്ച് ഒരുപാട് അന്വേഷിച്ചിട്ടും ഒന്നും കണ്ടു പിടിക്കാൻ ആകാത്ത അതെ 3 വർഷത്തിനു ശേഷം അവൻ അവളെ കാണാനും ഇഷ്ടം അറിയിക്കാനും വയനാട്ടിലേക്ക് യാത്ര തിരിക്കുന്നു . അതാണ്  ഈ യാത്ര ഇപ്പോൾ പോയ്കൊണ്ടിരിക്കുന്ന ഈ യാത്ര .....

ആകെ 1 ദിവസം മാത്രമാണ് ലീവ് . 3 വർഷം മറ്റു പലരോടും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല . പിന്നെ 1 ദിവസം കൊണ്ട് എങ്ങനെ കണ്ടു പിടിക്കാൻ . വീട് എവിടെയെന്നു ഇപ്പോളും അറിയില്ല . മേപ്പാടിയിൽ ആകാം , കല്പറ്റയിൽ ആകാം അതുമല്ലെങ്കിൽ ഇതിനിടയിൽ എവിടേലും ആകാം . ഒരു പക്ഷെ ഉന്നത പഠനത്തിന്‌ മറ്റ് എവിടെയെങ്കിലും ആകാം . കാണാൻ ഉള്ള സാധ്യത വെറും 1 % മാത്രമാണ് . എങ്ങനെയെങ്കിലും ഒന്ന്  കാണാൻ പറ്റണേ ഭഗവാനെ എന്നും പ്രാർത്ഥിച്ച് അവനിരുന്നു .

അപ്പോളേക്കും ബസ്‌ ചുണ്ടയിൽ എത്തി . അവിടെ കൂട്ടുക്കാരന്റെ വീടുണ്ട് . നേരെ അവിടേക്ക് , ചെറിയ ഒരു മയക്കം . അതിനു ശേഷം അവൻ കൂടുക്കാരന്റെ അടുത്ത് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു . എന്തിനാണ് വന്നിട്ടുള്ളത് എന്ന വിശേഷവും പറഞ്ഞു .
കൂട്ടുക്കാരൻ: ഇതിപ്പ എങ്ങനെ കണ്ടു പിടിക്കാനാണ് . ഓള് ഇപ്പോൾ എവിട്യാ ?മ്മള് എങ്ങനാ അന്വേഷിക്കാ ?നീ അത് വിട്ടേക്ക്..
അവൻ:നീ ആരോട ഇസ്റ്റാ ഈ പറയണേ .. ഞാൻ കണ്ടു പിടിക്കും ന്ന് വച്ചാൽ കണ്ടു പിടിക്കതന്നെ ചെയ്യും ഗട്യേ ......
ഇങ്ങനെ വല്ല്യ ഡയലോഗ് വച്ച് കാച്ചിയെങ്കിലും യാതൊരു പ്രതീക്ഷയും അവനു ഉണ്ടായില്ല . ഉള്ള പ്രതീക്ഷയിൽ നിന്ന് പകുതിയും കൂടെ പോയിക്കിട്ടി . എങ്കിലും അവൻ 12.15 ന്‌  മേപ്പാടിയിലേക്ക് ബസ്‌ കയറി .

സീൻ 4 : മേപ്പാടി സമയം 12.45 PM
മേപ്പാടി ടൌണിൽ ബസ്‌ എത്തിയപ്പോൾ അവൻ പുറത്തേക്കു ചുറ്റും നോക്കി . എങ്ങും കാണാനില്ല . അവളെ മാത്രമല്ല , പരിചയമുള്ള ആരെയും . എങ്ങനെ കാണാൻ ആണ് , കാണാൻ ഉള്ള സാധ്യത ഒരുപാട് ഉണ്ടല്ലോ :)
ബസ്‌ മേപ്പാടി സ്റ്റാൻഡിൽ എത്തി . പഴയ പോളിയെ നോക്കിക്കൊണ്ട്‌ താഴെ ഇറങ്ങി . പോളി അവിടെത്തന്നെയുണ്ട് . പക്ഷെ കൂടെ പഠിച്ച ഒരു തെണ്ടികളും അവിടെയില്ല എന്നുള്ളതുകൊണ്ട് അങ്ങോട്ട്‌ പോയില്ല. ഇനി ഇപ്പോൾ എന്ത് , ഒന്നും ചെയ്യാൻ ഇല്ല . പഴയ ഓർമ്മകൾ കുറച്ചു അയവിറക്കാം എന്നുവച്ച് അവൻ ബസ്‌ വെയ്റ്റിങ്ങ് ഷെഡ്‌ ലക്ഷ്യമാക്കി നടന്നു .

അവന് അവന്റെ കണ്ണുകളെ വീണ്ടും വിശ്വസിക്കാൻ ആയില്ല . പക്ഷെ വീണ്ടും വിശ്വസിച്ചേ പറ്റു . വീണ്ടും ഇതവൾ തന്നെ . മനസ്സിൽ പതിനായിരം പൂത്തിരികൾ ഒന്നിച്ചു കത്തി . അവൾ ബസ്‌ വെയ്റ്റിങ്ങ് ഷെഡ്‌ ൽ ഇരിക്കുന്നു . അവൻ നടത്തത്തിന്റെ വേഗത കൂട്ടി . അവളുടെ അടുത്തെത്തി . സംസാരിക്കാമെന്ന് വിചാരിച്ചപ്പോൾ ആണ് അവളുടെ കൂടെ വേറെ ഒരു പയ്യനെ കണ്ടത് . ആ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെ ആയിരുന്നു . ഉടനെ തന്നെ അവൻ അവളുടെ കഴുത്തിലേക്കു നോക്കി ... ഹാവൂ ഭാഗ്യം താലി മാല കാണാൻ ഇല്ല .

അവൻ അവൾ ഇരിക്കുന്നതിന്റെ കുറച്ചുമാറി അവളെ കാണത്തക്കവിധം തന്നെ ഇരുന്നു . അവളും അവനെ കണ്ടു . എവിടെയോ വച്ച് കണ്ട പരിചയത്തിന്റെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു . കൂടെയുള്ള പയ്യന് ഫോണിൽ സംസാരിക്കുകയായിരുന്നു . മിക്കവാറും ബ്രദർ അല്ലെങ്കിൽ കസിൻ ആയിരിക്കും . ഇന്ന് ആരൊക്കെ കൂടെ ഉണ്ടായാലും സംസാരിച്ചിട്ടു തന്നെ കാര്യം . മാന്യമായ് കാര്യം പറയാലോ അത് സഹോദരനോടായാലും . ഇതല്ലാതെ അവനു വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല . കൂടെ ഉണ്ടായിരുന്ന പയ്യൻ ഫോണ്‍ വിളി കഴിഞ്ഞു അവളുടെ അടുത്ത് വന്നിരുന്നു . അവൻ ആ പയ്യനെയും അവളെയും മാറി മാറി നോക്കി കൊണ്ടിരുന്നു . സഹോദരനോട് തന്നെ കാര്യം പറയാമെന്നു വച്ചു .

വളരെ പെട്ടെന്ന് ആണ് കൂടെയുള്ള ആ പയ്യന്റെ പേര് അവനു മനസ്സിലായത് . അതവളുടെ വിരലിൽ അണിഞ്ഞിരുന്ന മോതിരത്തിൽ എഴുതിയിരുന്നു . അവളും കൂടെയുള്ള പയ്യനും കൂടെ കല്പറ്റയിലെക്കു ബസ്‌ കയറി പോയിട്ടും അര മണിക്കൂർ കൂടെ അവൻ ആ ബസ്‌ വെയ്റ്റിങ്ങ്  ഷെഡ്‌ ൽ ഇരുന്നു യാതൊരു ചിന്തയുമില്ലാതെ . ഒരു ചിന്തയിലും അവനു ശ്രദ്ധിക്കാൻ ആകാതെ .

തിരിച്ചു നാട്ടിലേക്കുള്ള യാത്രയിൽ അവനു കൂട്ട് ഇരയിമ്മൻ തമ്പിയുടെ താരാട്ട് പാട്ടിന്റെ ഈരടികൾ ആയിരുന്നില്ല . മറിച്ച് ഒരു നിശബ്ദ പ്രണയത്തിന്റെ ഓർമ്മകൾ ആയിരുന്നു .

Sunday, March 10, 2013

Adutha janmam

                                   

                                 അടുത്ത ജന്മം

പ്രണയം  ....അതിന്റെ മാസ്മരികത  അവസാനിക്കുന്നതിനും മുന്‍പേ അത് അവസാനിപ്പിക്കേണ്ടി വരുന്ന കമിതാക്കളുടെ വിഷമം അവര്‍ പറഞ്ഞവസാനിപ്പിക്കുന്നത്  ഇങ്ങനെയാണ്  " അടുത്ത ജന്മം അത് നിനക്ക് വേണ്ടി ഉള്ളതാണ് .നീ വരണം എന്റെ കൂടെ .....". യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു ' അടുത്ത ജന്മം ' ഉണ്ടോ ? അതോ ഇല്ല എന്നറിഞ്ഞിട്ടും പരസ്പരം ആശ്വസിപ്പിക്കാന്‍ പറയുന്നതോ ....ഞാന്‍ ഒരുപാട് ആലോചിച്ചു നോക്കി. ഇപ്പോഴും ഒരു ഉത്തരം കിട്ടിയില്ല . പക്ഷെ ഇനിയൊരു ജന്മം കൂടി ഉണ്ട് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം

ഇനിയും എനിക്ക് ഒരു ജന്മമുണ്ടെങ്കില്‍ ഈ ജന്മത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും വേണം . പക്ഷെ അടുത്ത ജന്മം വരെ കാത്തിരിക്കാന്‍ പറഞ്ഞ അവള്‍ മാത്രം വേണ്ട .എന്നോട് കാത്തിരിക്കാന്‍ പറഞ്ഞു അവള്‍ മറ്റൊരാളുടേതായ അന്ന് അവള്‍ക്കായ്‌ ഞാന്‍ എന്റെ ഡയറിയുടെ അവസാന പേജില്‍ ഇങ്ങനെ കുറിച്ചിട്ടു..

" ഈ ജന്മത്തില്‍ എന്റെ കൂടെ ഒരു ജീവിതത്തിനായ് കഴിഞ്ഞ ജന്മം പ്രാര്‍ത്ഥിച്ചത് നീ അല്ല . അത് ഇനിയെന്റെ ജീവിതത്തില്‍ വന്നു ചേരാന്‍ പോകുന്ന എന്റെ better half ആണ് . അത് കൊണ്ട് ഞാന്‍ അവള്‍ക്കായ്‌ പ്രാര്‍ത്ഥിക്കുന്നു ..കാത്തിരിക്കുന്നു ..നമുക്ക് അടുത്ത ജന്മത്തില്‍ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാം . " 

Monday, February 4, 2013

Mazha

                                         മഴ 
 പുറത്ത് മഴ ചാറിക്കൊണ്ടിരിക്കുന്നു . ഇപ്പോള്‍ പുറത്തു പെയ്യുന്ന മഴയുടെ ഭാവമെന്താണ് എന്ന് എനിക്ക് തിരിച്ചറിയാനാകുന്നില്ല . ഓരോ കാലത്തും എനിക്ക് മഴ ഓരോ ഭാവങ്ങളാണ് പകര്‍ന്നു തന്നിരുന്നത് . അന്ന് അതെല്ലാം എനിക്ക് മുഴുവനായ് ആസ്വദിക്കാന്‍ കഴിഞ്ഞുവോ എന്ന് അറിയില്ല . പക്ഷെ ഒന്നുണ്ട് ..ഇന്ന് ഈ നിമിഷം അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ അതെല്ലാം മനോഹര ദൃശ്യങ്ങള്‍ ആയാണ് തോന്നുന്നത് .

ഇന്ന് മഴയെ കുറിച്ച ഞാന്‍ ഒരുപാട് ഓര്‍മകളിലേക്ക് തിരികെ പോയത് പുറത്ത് മഴ പെയ്യുന്നത്  കൊണ്ട് മാത്രമല്ല. ഇന്ന് ഒരു ദിന പത്രത്തിന്റെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ മഴയെ കുറിച്ചൊരു ആര്‍ട്ടിക്കിള്‍ കണ്ടു . മഴയുടെ വിവിധ ഭാവങ്ങളെ കുറിച്ച് ഒരു ഡോകുമെന്ററി നിര്‍മിക്കാനാണ് . നിര്‍മിക്കുക ഏന് പറയാന്‍ ആകില്ല . മഴയുടെ ഭാവങ്ങള്‍ 2 മിനിറ്റില്‍ പകര്‍ത്തുക .

എനിക്ക്  പല കാലങ്ങളിലായ് അനുഭവപ്പെട്ട മഴയുടെ ഇതു ഭാവത്തെ ഞാന്‍ ചിത്രീകരിക്കും . അതും ഇതു ഭാവത്തെയാണ് 2 മിന്‍ കൊണ്ട് ചിത്രീകരികുക . അടുത്തടുത്ത്‌ നില്‍ക്കുന്ന രണ്ടുപേര്‍ക്ക് തന്നെ കാണുന്ന മഴ രണ്ടു തരത്തിലാണ് അനുഭവപ്പെടുന്നത് .പിന്നെ എങ്ങനെ ഞാന്‍ എനിക്ക് അനുഭവപ്പെടുന്ന ഭാവത്തെ 2 മിനിറ്റില്‍ മൊബൈലില്‍ പകര്‍ത്തും.

മഴ എന്നില്‍ ആദ്യം വിടര്‍ത്തിയത് അതിന്റെ ഭീതിപ്പെടുത്തുന്ന ഭാവമാണ് .പിന്നീട സന്തോഷമായും  നഷ്ട പ്രണയമായും അതിനുമപ്പുറം പൂത്തുലഞ്ഞ പ്രണയത്തിന്റെ ആത്മ നിര്‍വൃതി ആയും ... സോറി ആത്മ ഇല്ല . നിര്‍വൃതി ആയും  അത് മതി . കാരണം ഞാന്‍ ഒറ്റയ്ക്ക് ആയിരുന്നില്ല .ഇങ്ങനെ പല ഭാവങ്ങളില്‍ മഴ എന്നിലേക്ക്‌ പെയ്തൊഴിഞ്ഞു പോയിട്ടുണ്ട് . എന്റെ ജീവിതത്തിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളില്‍ എല്ലാം മഴയുണ്ട്.അത് ഒരു ചാറ്റലായും പേമാരി ആയും തുള്ളിക്കൊരുക്കുടം കണക്കെ പെട്ടെന്ന് പെയ്തു പോകുന്ന മഴയയുമെല്ലാം . എന്നാലിപ്പോള്‍ പുറത്തു ചാറി  കൊണ്ടിരിക്കുന്ന മഴയ്ക്ക്‌ ഒരു ഭാവവും കാണാന്‍ എനിക്ക് പറ്റുന്നില്ല .യാതൊരു ഭാവവും ഇല്ലാതെ എന്തിനോ വേണ്ടി പെയ്തോണ്ടിരിക്കുന്ന മഴ , എന്റെ മനസ്സ് പോലെ ........

എനിക്കറിയാം  കുറച്ചു നാള്‍ കൂടെ കഴിഞ്ഞാല്‍ എനിക്ക് ഈ കാലവും വല്ലാത്തൊരു അനുഭവമുള്ള ഓര്‍മ്മയാകും എന്ന്. ഒരുപാട് വേദന തരുന്ന ഓര്‍മ്മകള്‍ . പക്ഷെ ആ ഓര്‍മ്മകള്‍ എന്റെ ജീവിതത്തിലെ ഭാവങ്ങളെക്കുറിച്ചാകില്ല . മറിച്ച്  ജീവിതത്തിന്  ഒരുപാട് ഭാവങ്ങളെ സമ്മാനിച്ച ശേഷം അന്ന്യം നിന്ന് പോയ മഴയെ കുറിച്ചോര്‍ത്താകും .......
   A page from my diary(July 1 2012)